National
ന്യൂഡല്ഹി: ഓപ്പറേഷന് സിന്ദൂറില് പാര്ലമെന്റില് നടക്കുന്ന ചര്ച്ചയില് താന് സംസാരിക്കില്ലെന്ന് ശശി തരൂര്. സംസാരിക്കാന് താത്പര്യമില്ലെന്ന് തരൂര് കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും.
National
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര് ആഹ്ലാദപ്രകടനം നടത്തിയെന്ന് ദൃക്സാക്ഷി. ഭീകരർ ആകാശത്തേക്ക് നാലു തവണ വെടിവച്ചെന്നാണ് പ്രധാന ദൃക്സാക്ഷി എന്ഐഎയ്ക്ക് നല്കിയ മൊഴിയിൽ വ്യക്തമാക്കിയത്.
കൂട്ടക്കൊലയ്ക്കു ശേഷം ബൈസാരണില് നിന്ന് പോകുമ്പോള് തോക്ക്ധാരികള് തന്നെ തടഞ്ഞുനിർത്തി കലിമ ചൊല്ലാന് ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷയില് സംസാരിക്കാന് തുടങ്ങിയപ്പോള് തന്നെ വെറുതെ വിട്ടു. പിന്നാലെ അവര് നാലുതവണ ആകാശത്തേക്ക് വെടിയുതിര്ത്ത് ആഘോഷിച്ചു എന്ന് ദൃക്സാക്ഷി പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്.
ജമ്മു കാഷ്മീര് പോലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്സികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്സാക്ഷിയെ കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില് സംഭവസ്ഥലത്ത് നിന്ന് നാലു വെടിയുണ്ടകള് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പര്വൈസ്, ബാഷിര് എന്നിവര് ബൈസരണില് ഉണ്ടായിരുന്നുവെന്നും ഇവര് ഭീകരരുടെ സാധനങ്ങള് സൂക്ഷിച്ചു എന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്.